Thursday, January 9, 2025
National

മെട്രോയില്‍ ചിത്രീകരിച്ച ഡാൻസ് റീല്‍സ് വൈറലായി; പെണ്‍കുട്ടിക്കെതിരെ നിയമനടപടി

വ്യത്യസ്തതരം റീല്‍സുകളാണ് സോഷ്യല്‍ മീഡിയയിൽ ഓരോ ദിവസവും നാം കാണുന്നത്. ഡാൻസ് റീല്‍സ് പുതുമയുള്ളതാക്കാൻ ഇത് ചെയ്യുന്നവരെല്ലാം ശ്രമിക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും വിഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാം.

അത്തരമൊരു സംഭവമാണ് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.

ഈ റീല്‍സ് വൈറലായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മെട്രോയ്ക്ക് അകത്ത് റീല്‍സെടുക്കാൻ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണെന്നും വിമർശനം ഉയർന്നു. ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഡാൻസ്- പാട്ട് പോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ശല്യമാകുന്നതെന്നും അത് തിരക്കുപിടിച്ച നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനേ സഹായിക്കൂവെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തി. എന്തായാലും ഇതിനിടെ പെണ്‍കുട്ടിക്കെതിരെ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *