രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം: എല്‍ഡിഎഫിന് 96 വോട്ട്, യുഡിഎഫിന് 40 വോട്ട്
തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം. ആകെ വോട്ടു ചെയ്ത 137 വോട്ടുകളിൽ എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
വോട്ട് രേഖപ്പെടുത്തുമ്പോൾ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പരാതി ഉയര്‍ത്തി. ഇതേ തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു മത്സരം. ടിപി രാമകൃഷ്ണന്‍, പി മമ്മിക്കുട്ടി, പിടിതോമസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല.
നേരത്തെ രാജ്യസഭാ എംപി ആയിരുന്ന ജോസ് കെ മാണി നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്നതിനുവേണ്ടി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാൽ പാലായിൽ മാണി സി കപ്പനോടേറ്റ പരാജയത്തെ തുടർന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുകയായിരുന്നു.