Tuesday, March 11, 2025
Kerala

കാവ്യയെ പ്രതി ചേർത്തില്ല, മഞ്ജു വാര്യരും രഞ്ജു രഞ്ജിമാരും സാക്ഷികൾ, ബ്രാഞ്ചിന്റെ അധിക കുറ്റപത്രം സമർപ്പിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേര്‍ത്തു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയും അധിക കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കൊപ്പം ശരത്തിനെ പ്രതി ചേര്‍ത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്.

മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാമാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും കേസില്‍ അവരെയും പ്രതികളൊ സാക്ഷികളൊ ആയി ചേര്‍ത്തിട്ടില്ല.

കേസ് 27നു പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. പത്തു ദിവസം കഴിഞ്ഞ് കേസ് പരിഗണിക്കുമെന്നായിരുന്നു കോടതി ആദ്യം അറിയിച്ചത്. എന്നാല്‍, ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത ശേഷമെ കേസ് പരിഗണിക്കുള്ളുവെന്ന് കോടതി പിന്നീട് വ്യക്തമാക്കി.

ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഉള്‍പ്പടെ 102 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. നടി കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരന്‍ തുടങ്ങിയവരെയും കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *