Monday, January 6, 2025
National

തനിക്ക് പകരം മകൻ മത്സരിക്കുമെന്ന് യെദ്യൂരപ്പ; കര്‍ണാടകയിൽ കോണ്‍ഗ്രസിനെ ജയിപ്പിക്കില്ലെന്നും പ്രഖ്യാപനം

ബെംഗളൂരു: താൻ പ്രതിനിധീകരിക്കുന്ന ശിക്കാരിപുര നിയോജകമണ്ഡലം മകൻ വിജയേന്ദ്രയ്ക്ക് വിട്ടു നൽകുന്നതായി ബിജെപി നേതാവും മുൻകര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ (BS Yediyurappa) പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിൽ ഉൾപ്പെട്ട ശിക്കാരിപുര മണ്ഡലത്തിലാണ് ഇനി തനിക്ക് പകരം മകൻ വിജയേന്ദ്ര (B. Y. Vijayendra) മത്സരിക്കുമെന്ന് യെദ്യൂരപ്പ അറിയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയേന്ദ്രയ്ക്ക്  പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ണാടകയിലെ ജനങ്ങളും പിന്തുണ നൽകണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. 

ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിൽ പാര്‍ട്ടി തന്നെ അധികാരത്തിൽ നിന്നും മാറ്റിയെന്ന ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് ശിക്കാരിപുര സീറ്റിൽ മകൻ പിൻഗാമിയായി വരുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിക്കുന്നത്. കർണാടകയിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. 

 കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് എത്തും മുൻപേ മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാക്കൾ പരസ്‌പരം മത്സരിക്കുകയാണെന്ന്  സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പരിഹസിച്ചു കൊണ്ട് യെദ്യൂരപ്പ പറഞ്ഞു. അങ്ങനെ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും താമരചിഹ്നത്തിൽ ജയിക്കുന്നയാൾ മുഖ്യമന്ത്രിയാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *