സ്ത്രീതൊഴിലാളികൾ ഏറെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങണം: സ്മൃതി ഇറാനി
കേരളത്തിൽ സ്ത്രീതൊഴിലാളികൾ ഏറെയുള്ള കാർഷിക-കെട്ടിട നിർമാണ മേഖലകളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന ഗവൺമെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ലേബർ 20 യുടെ ഭാഗമായി ബി എം എസ് സംസ്ഥാന വനിതാ സംഗമം – ദൃഷ്ടി 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു.
സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാൻമന്ത്രി മാതൃവന്ദന യോജന. ഇതിലൂടെ കേരളത്തിലെ 7 ലക്ഷത്തോളം ഗർഭിണികൾക്ക് 6000 രൂപയുടെ ധനസഹായം നൽകാൻ സാധിച്ചു. കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുകയാണെങ്കിൽ അവർക്കും ധനസഹായം നൽകാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു.