സെക്രട്ടേറിയറ്റ് വളയും, സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങും: വി ഡി സതീശൻ
വിലക്കയറ്റത്തിൽ സർക്കാരിനെതിരെ സമരവുമായി യുഡിഎഫ്. നവംബർ 3 മുതൽ കെപിസിസി യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും.സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.ഭരിക്കാൻ മറന്നുപോയ സർക്കാരാണ് കേരളത്തിലുള്ളത്. അരിവില കുതിച്ചുയർന്നിട്ടും ഇടപെടുന്നില്ല.
അവശ്യസാധന വില കൂടുന്നു, എന്നാൽ ഒന്നിലും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല. വില നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി നിഷ്ക്രിയനായി ഇരിക്കുന്നു.പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണ്. ഡിവൈഎഫ്‌ഐ , എസ്എഫ് ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ കേസെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹരിമരുന്ന് വിരുദ്ധ പ്രചാരണം സംസ്ഥാന സർക്കാർ കാര്യക്ഷമമാക്കണം. ബോർഡ് എഴുതിയത് കൊണ്ട് മാത്രം ലഹരി വിൽപ്പന അവനാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നിന് യുഡിഎഫിന്റെ ലഹരി വിരുദ്ധ പ്രചാരണം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് മഹിളാ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് നടക്കും. നവംബർ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ട്രേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. നവംബർ എട്ടിന് യുഡിഎഫിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും.
നവംബർ 14 ന് ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ എന്ന പ്രചാരണ പരിപാടി തുടങ്ങും. നവംബർ 20 മുതൽ 30 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും. ഡിസംബർ രണ്ടാം വാരത്തിൽ സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് വളയുമെന്നും വിഡി സതീശൻ വ്യക്തമാക്കി.