Sunday, April 13, 2025
Kerala

അരിക്കൊമ്പനെ പൂട്ടാൻ സൂര്യനുമെത്തി; സഞ്ചാരം നിരീക്ഷിച്ച് വനംവകുപ്പ്

അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യ സംഘത്തിലെ രണ്ടാമത്തെ കുങ്കി ആന ഇടുക്കിയിൽ എത്തി. സൂര്യൻ എന്ന കുങ്കിയാനയാണ് വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ ഇന്ന് പുലർച്ചയോടെ എത്തിയത്. വയനാട് ആർആ‌ർടി റെയ്ഞ്ച് ഓഫീസർ രൂപേഷിൻറെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്.

മുൻപ് പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള ആനയാണ് സൂര്യൻ. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകളും നാളെയെത്തും. ഇതോടെ അരികൊമ്പൻ ദൗത്യത്തിനുള്ള സന്നാഹങ്ങൾ പൂർണമാകും.

അതേസമയം ദൗത്യം സംബന്ധിച്ച് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ഇന്ന് യോഗം ചേരും. ഉച്ചയ്ക്കുശേഷം മൂന്നു മണിക്കാണ് യോഗം. ശനിയാഴ്ച തന്നെ മയക്കുവെടി വച്ച് അരിക്കൊമ്പനെ പിടികൂടാനാണ് ഇപ്പോഴത്തെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *