അരിക്ക് തീവില, അഴിമതി, ലൈംഗികാരോപണങ്ങള്‍’; സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നവംബര്‍ ഒന്നുമുതല്‍ വിവിധ സമര പരിപാടികളാണ് യുഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയിലെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ തുടങ്ങുന്ന പ്രതിഷേധം ഡിസംബര്‍ രണ്ടാം വാരത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ വരെ നീളും.
ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.