ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ട് പൊളിക്കുന്നത് ഇന്നും തുടരും
ആലപ്പുഴ പാണാവള്ളി നെടിയതുരുത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപികോ റിസോർട്ട് പൊളിക്കുന്നത് രണ്ടാം ദിവസമായ ഇന്നും തുടരും.
കെട്ടിട അവശിഷ്ടങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള പ്ലാൻ അനുസരിച്ച് റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കൽ നടത്തുന്നത്. എന്നാൽ കെട്ടിടം പൊളിക്കുന്നതിന് ജെസിബി അടക്കമുള്ള ദ്വീപിൽ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റിസോർട്ട് പൊളിച്ചു മാറ്റുന്നതിന് സുപ്രീം കോടതി 2020 ൽ ഉത്തരവിട്ടിരുന്നു.
പ്രധാന കെട്ടിടം, 54 കോട്ടേജുകൾ തുടങ്ങിയവയാണ് ദ്വീപിൽ നിർമിച്ചിട്ടുള്ളത്. പരിസ്ഥിതി മലിനീകരണം പൂർണമായും ഒഴിവാക്കിയാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഇവിടെ നിന്നും നീക്കും. ഇന്നലെ രണ്ടു കോട്ടേജുകളുടെ മതിൽക്കെട്ട് പൊളിച്ചു നീക്കി. ഇന്ന് മേൽക്കൂരകൾ പൊളിക്കും. ആറു മാസത്തിനിടയിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കും. മലിനീകരണം നടക്കുന്നുണ്ടോ എന്നറിയാൻ ഇടവിട്ട് വായുവിൻറെയും വെള്ളത്തിൻറെയും പരിശോധനയും നടത്തും .