സമരക്കാരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലം: വി ഡി സതീശൻ
സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചതു കൊണ്ട് മാത്രം സമരം ഇല്ലാതാകില്ല. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു
പ്രതിഷേധക്കാർക്കെതിരെ ആരോപണമുന്നയിച്ച ഇ പി ജയരാജനെയും മന്ത്രി സജി ചെറിയാനെയും സതീശൻ വിമർശിച്ചു. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇ പി ജയരാജനും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണ്.
നരേന്ദ്രമോദി കർഷക സമരത്തെ നേരിട്ട പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെ റെയിൽ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാൽ കൂടെ നിൽക്കുന്നവരാണ് പലരും. പക്ഷേ ജനങ്ങളെ അതിൽ കൂട്ടരുത്. ഞങ്ങൾക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും സതീശൻ പറഞ്ഞു.