Monday, January 6, 2025
Kerala

സംസ്ഥാന സർക്കാരിന്റെ ബജറ്റ് എന്നത് പ്രസംഗത്തിൽ മാത്രം; വി ഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ ബജറ്റ് എന്നത് പ്രസംഗത്തിൽ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിലെ പദ്ധതികൾ നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. വികസനവും സാമൂഹിക സുരക്ഷയും പ്രതിസന്ധിയിലാണ്.

നിയമസഭ സമ്മളേനത്തിൽ നിരവധി ജനകീയ വിഷയങ്ങൾ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കൽ വാങ്ങലുകളും ഒത്തുതീർപ്പുമാണെന്നും സതീശൻ വ്യക്തമാക്കി.

ബി ജെ പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പ് മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തെ സിപിഐഎമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം.

അല്ലാതെ ഗവർണറുമായി സർക്കാരിന് പ്രത്യയശാസ്ത്രപരമായ തർക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവർണർക്ക് നൽകിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയമായി സർക്കാർ മാറി.

ജനങ്ങൾ കടക്കെണിയിലാണ്. അതിനൊപ്പമാണ് ഭക്ഷണത്തിൽ മായം കലർത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തകർന്നു തരിപ്പണമായി. വനാതിർത്തികളിൽ ജീവിക്കുന്നവർ പ്രതിസന്ധിയിലായിട്ടും സർക്കാർ കൈയ്യുംകെട്ടി ഇരിക്കുകയാണ്.

രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ് പ്രതിപക്ഷം പ്രാമുഖ്യം നൽകുന്നത്. എല്ലാത്തിലും വിമർശനങ്ങൾ മാത്രല്ല, ബദൽ നിർദ്ദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയിൽ അവതരിപ്പിക്കുമെന്നും വി ഡി സതീശൻ വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *