ഒരാൾ എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചനയാകുമോ; ദിലീപ് കേസിൽ ഹൈക്കോടതി
ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോയെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതിയുടെ സംശയം. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥ്.
കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളുവെന്നും കോടതി ചോദിച്ചു. എന്നാൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന രണ്ട് തെളിവുകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പരസ്യമാക്കാനില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലെയല്ല ഈ കേസ്. ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.