ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷി; പ്രതികളുടെ മുൻകാല പശ്ചാത്തലവും പരിഗണിക്കണം: പ്രോസിക്യൂഷൻ
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് നിലവിൽ കോടതിയിൽ നടക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
തീർത്തും അസാധാരണമായ കേസാണിത്. പ്രതികളുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികൾ ക്വട്ടേഷൻ നൽകിയത്. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ പ്രോസിക്യൂഷന് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനിൽക്കില്ല
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് കേസിലെ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻപരിചയമില്ല. ബൈജു പൗലോസിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹം കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന് നിർദേശം നൽകിയത് എഡിജിപിയാണ്. പുതിയ കേസിലെ അന്വേഷണ സംഘത്തിൽ ബൈജു പൗലോസില്ല.
പ്രതികൾ നടത്തിയ ഗൂഢാലോചനക്ക് സാക്ഷിയുണ്ട്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാർ വിശ്വസിക്കാനാകുന്ന സാക്ഷിയാണ്. മൊഴിയിൽ യാതൊരു വൈരുദ്ധ്യമില്ല. ഇദ്ദേഹത്തിന്റെ മൊഴികൾ കോടതി വിശ്വാസത്തിൽ എടുത്താൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.