Wednesday, January 8, 2025
Kerala

പരീക്ഷ എഴുതാത്തവർക്ക് ബിരുദം; ആരോഗ്യ സർവകലാശാല അഴിമതിയുടെ കേന്ദ്രം: കെ.സുരേന്ദ്രൻ

ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് ആരോഗ്യ സർവകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളജിൻ്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഐഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദാഹരണമാണ് ആയുർവേദ കോളജിൻ്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്.

ആരോഗ്യമന്ത്രി വീണാജോർജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസർവകലാശാലയിൽ അഴിമതി നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല, കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വത്കരണവുമാണ് നടക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *