സംസ്ഥാനത്തും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി: മുഖ്യമന്ത്രി
മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് വൈകുന്നേരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേരുന്നുണ്ട്
കൊവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖമന്ത്രി പറഞ്ഞു.
അതേസമയം, ചൈനയില്‍ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.