ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ട്രാൻസ്ഫർ; അഭിഭാഷകർ നടത്തുന്ന പ്രതിഷേധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കം
ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ട്രാൻസ്ഫർ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകർ നടത്തുന്ന പ്രതിഷേധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിനിധികളെ ആണ് ഇന്ന് കാണുക. ജസ്റ്റിസ് നിഖിൽ എസ് കരിയേലിനെ പട്നാ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ ശക്തമായ പ്രതിഷേധം അഭിഭാഷകർ നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച.
മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജയെ യെ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ തമിഴ്നാട്ടിലും ജസ്റ്റിസ് എ അഭിഷേക് റെഡ്ഡിയെ പാട്നാ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ തെലുങ്കാനയിലും അഭിഭാഷകർ പ്രതിഷേധം തുടരുകയാണ്.
അതേസമയം കൊളിജിയം നിർദേശങ്ങൾക്കെതിരെ അഭിഭാഷകർ നടത്തുന്ന സമരങ്ങളോട് കേന്ദ്രത്തിന് യോജിപ്പില്ലെന്ന് നിയമ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. അഭിഭാഷകർ ജഡ്ജിമാരുടെ നിയമന – സ്ഥലം മാറ്റ വിഷയത്തിൽ നടത്തുന്ന സമരങ്ങൾ തെറ്റായ സന്ദേശം നല്കുന്നതാണെന്ന് ബാർ കൗൺസിലിന്റെ സമ്മേളനത്തിൽ നിയമ മന്ത്രി പറഞ്ഞു.