ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്; അഭിഭാഷകർ ഇന്ന് ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധിക്കും
വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയതിൽ പ്രതിഷേധിച്ച് ഹൈക്കോടതി അഭിഭാഷകർ കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തും. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.
അതേ സമയം കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജിയിൽ നടിയെ ഹൈക്കോടതി കക്ഷി ചേർത്തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹർജി. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്‍റെ ഹർജിയെ എതിർത്തുകൊണ്ടാണ് നടി കേസിൽ കക്ഷി ചേരാൻ അപേക്ഷ സമർപ്പിച്ചത്. പരാതിക്കാരിയായ തന്‍റെ ഭാഗം കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് നടി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.