കരിപ്പൂർ അപകടം; വിമാനം മാറ്റാൻ നടപടി തുടങ്ങി
കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം മാറ്റാൻ നടപടി തുടങ്ങി. ഇതിനായി എയർഇന്ത്യ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂരിലെത്തിയിരുന്നു. വിമാന നിർമാണ കമ്പനിയായ ‘ബോയിങ്’ പ്രതിനിധിയും എത്തിയിട്ടുണ്ട്. ഇവരുടെ മേൽനോട്ടത്തിലാണ് നടപടികൾ. ആദ്യദിനം തകർന്ന വിമാനത്തിന്റെ ഡ്രോയിങ് അടക്കമുള്ളവ രേഖപ്പെടുത്തി. മൂന്ന് ഭാഗങ്ങളായാണ് വിമാനം നിലംപതിച്ചിരിക്കുന്നത്.
ഇവ തമ്മിലുള്ള അകലം തുടങ്ങി വിവിധ വിശദാംശങ്ങൾ രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരമാണ് ഓരോ നടപടികളും. കൂടാതെ, വിമാനത്തിന്റെ മുറിക്കേണ്ട ഭാഗങ്ങളും രേഖപ്പെടുത്തി. ക്രെയിൻ, ട്രെയിലറുകൾ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ ഓരോ ഭാഗങ്ങളായി മുറിച്ചുമാറ്റും. ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്ന് എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. അപകടം അന്വേഷിക്കാൻ വിവിധ ഏജൻസികൾ കരിപ്പൂരിലെത്തിയിരുന്നു.