ആറുമാസത്തോളമായി അടച്ചിട്ട മാനാഞ്ചിറ പാര്‍ക്ക് 22-ന് തുറന്നുകൊടുക്കും
കോഴിക്കോട് : കോവിഡ് വ്യാപനത്തെതുടര്‍ന്ന് ആറുമാസത്തോളമായി അടച്ചിട്ട മാനാഞ്ചിറ പാര്‍ക്ക് 22-ന് തുറന്നുകൊടുക്കും.ഇതോടൊപ്പം നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനവും നടക്കും.പാർക്കിൽ വെള്ളവും വെളിച്ചവുമടക്കമുള്ള സൗകര്യങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ 22മുതല്‍ നഗരത്തിലെ മറ്റുപാര്ക്കുകളും തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അറിയിച്ചു.നിലവില്‍ സരോവരം പാര്‍ക്ക് മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്.
മാനാഞ്ചിറ ഉൾപ്പെടെ നഗരപരിധിയിലെ ഓരോ പാർക്കിനെയും അഞ്ചുവർഷം പരിപാലിക്കുന്നതിനായി പ്രത്യേക ഏജൻസികളെ നിയോഗിക്കും. ഇതിനായി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.അമൃത് പദ്ധതിയിൽ നവീകരിച്ച മാനാഞ്ചിറ പാർക്ക്, എരവത്ത് കുന്ന്, എലത്തൂർ ജട്ടി പാർക്ക്, തടമ്പാട്ടുതാഴം, ഗരുഡൻ കുളം, മലാപ്പറമ്പ്, ചെറുവണ്ണൂർ, എസ് കെ പാർക്ക് എന്നിവയാണ് പരിപാലനത്തിനായി വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഏൽപ്പിക്കുക. ശുചീകരണം, മരങ്ങളുടെയും പുൽത്തകിടികളുടെയും സംരക്ഷണം, വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തന ക്ഷമമായി നിലനിർത്തൽ, കുടിവെള്ള ലഭ്യത, കളിയുപകരണങ്ങളുടെ സംരക്ഷണം തുടങ്ങിയ ചുമതലകളാണ് ലൈസൻസികൾ നിർവഹിക്കേണ്ടത്.
കോർപറേഷൻ അംഗീകാരത്തോടെ പാർക്കുകളിലെ സ്റ്റേജുകളിൽ വിനോദ പരിപാടികൾ, കഫ്റ്റീരിയ സ്ഥാപിക്കൽ എന്നിവയും നടപ്പാക്കാം. പരസ്യങ്ങൾ, വിനോദ പരിപാടികൾ എന്നിവയിലൂടെ ഈ ഏജൻസികൾക്ക് വരുമാനം കണ്ടെത്താം. ഇതനുസരിച്ച് മാനാഞ്ചിറ പാർക്കിൽ ആറ് ഇലക്ട്രോണിക്സ് ഡിസ്പ്ലേ ഹോർഡിങ്ങുകൾ, ഐസ്ക്രീം, സ്നാക്സ്, പോപ്കോൺ വിൽക്കുന്നതിനുള്ള നാല് കിയോസ്കുകൾ, ഡിജിറ്റൽ പരസ്യ ബോർഡുകൾ എന്നിവ ഉണ്ടാകും. പ്രവേശന കവാടത്തിൽ രണ്ട് സെക്യൂരിറ്റിക്കാരെയും നിയോഗിക്കും. രാത്രിയും ഇവരുടെ സേവനം ഉറപ്പാക്കും. പ്രവർത്തന സമയം കോർപറേഷൻ കൗൺസിൽ തീരുമാനിക്കും. കോവിഡ് സാഹചര്യത്തിൽ പൊതുജന പ്രവേശനം നിയന്ത്രിക്കും. പുൽത്തകിടി, പൂക്കൾ എന്നിവ കൃത്യമായി പരിപാലിക്കണം. മണിക്കൂറുകളിൽ പാർക്ക് വൃത്തിയാക്കണം