പാദം വിണ്ടുകീറൽ: ശ്രദ്ധിക്കേണ്ടത്
ചർമത്തിന്റെ വരൾച്ചയാണ് പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കുകയും ചെയ്യുന്നു. കാൽവെള്ളയുടെ നിറം മഞ്ഞകലർന്നതോ ബ്രൗണ് നിറമായോ മാറുന്നു. പാദങ്ങൾ ഭാരം താങ്ങുമ്പോൾ കാൽവെള്ളയിലെ കട്ടികൂടിയ ചർമം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. തുടക്കത്തിൽ ആഴം കുറഞ്ഞവയാണെങ്കിൽ പിന്നീടതിന്റെ ആഴം വർധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ വിണ്ടുകീറിയ പാദത്തിൽനിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലിൽ അണുബാധ ഉണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യും. വരണ്ട ചർമത്തിന്റെ പുറമേ താഴെപറയുന്ന ഘടകങ്ങളും പാദം വിണ്ടുകീറുന്നതിനു കാരണാവാറുണ്ട്.
നഗ്നപാദരായി നടക്കൽ
പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതുമൂലം ചില പ്രത്യേക ചർമ്മരോഗങ്ങളുള്ളവരിൽ പാദം വിണ്ടുകീറൽ സാധാരണമാണ്. അവ താഴെപറയുന്നവയാണ്.
എട്ടോപ്പിക് ഡെർമറ്റൈറ്റിസ്
ജുവനൈൽ പ്ലാന്റാർ ഡെർമറ്റോസസ്
സോറിയാസിസ്
പ്ലാന്റാർ കെരാറ്റോഡെർമ
പ്രമേഹം
ഹൈപോ തൈറോയ്ഡിസം.
ചികിത്സ
പാദങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകണം. അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണം. പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിബിലിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്. ഇവ പലവീര്യങ്ങളിൽ ലഭ്യമാണ്. പാദചർമത്തിന്റെ കട്ടിയനുസരിച്ച് ഉപോഗിക്കേണ്ട ലേപനത്തിന്റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും.
ഉപ്പുചേർത്ത തണുത്തവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നതു നല്ലതാണ്.
എങ്ങനെ പ്രതിരോധിക്കാം?
വരണ്ട ചർമമുള്ളവർ എന്നും രാത്രി തണുത്ത വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കണം. അതിനു ശേഷം എണ്ണമയം പ്രധാനംചെയ്യുന്ന ലേപനങ്ങൾ പുരട്ടണം. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം. എല്ലാദിവസവും രാത്രി കാലുകളിൽ വ്രണങ്ങളോ, അണുബാധയോ ഉണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കണം. ശരീരഭാരം നിയന്ത്രിക്കണം. ഹൈപോ തൈറോയ്ഡിസം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക