അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 14 കി.മീ അകലെ; കേരളത്തിലേക്ക് എത്താനുള്ള സാധ്യത തള്ളി വനംവകുപ്പ്
അരികൊമ്പൻ കേരള അതിർത്തിക്ക് അരികെയെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് വനംവകുപ്പ്.കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്.ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരമാണ് വനംവകുപ്പിന്റെ സ്ഥിരീകരണം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം തിരുനെൽവേലി മാഞ്ചോല എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തിയിരുന്നു.
അതേസമയം അരികൊമ്പൻ കേരളത്തിലേക്ക് എത്താനുള്ള സാധ്യത സംസ്ഥാന വനംവകുപ്പ് തള്ളി.കേരളത്തിലേക്കുള്ള വഴിയിൽ ചെങ്കുത്തായ കുന്നിൻചെരിവുകൾ ഉള്ളതിനാൽ ആനയ്ക്ക് എത്താനാവില്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിലായിരുന്നു അരികൊമ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്.
അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞിരുന്നു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടി വച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.
നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.