കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നു; വനം വകുപ്പ്
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മോണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുകയാണ് ഉദ്യോഗസ്ഥർ. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.