അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്
കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ ലഭിച്ചു. ആനയുടെ നിരീക്ഷണം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
തുമ്പിക്കൈയിലെ മുറിവ് ഉണങ്ങിത്തുടങ്ങി. ആസ്വദിച്ച് വെള്ളം കുടിക്കുന്നതും തുമ്പിക്കൈ വെള്ളത്തിലിട്ട് കളിക്കുന്നതുമെല്ലാം നേരത്തെ പുറത്തു വന്ന അരികൊമ്പന്റെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നൽകിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവിൽ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. റേഡിയോ കോളർ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സദാ നിരീക്ഷിച്ചുവരികയാണ്.
ഈ മാസം ആറിനാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടാൻ കോടതി ഉത്തരവിന് പിന്നാലെയാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നടപടി. തേനി സ്വദേശി ഗോപാലാണ് ആനയെ കാട്ടിൽ തുറന്നുവിടണമെന്ന് കാണിച്ച് ഹർജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ആറിന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്ന് അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടുന്നു.. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. പിടികൂടിയ ശേഷം ഒരു രാത്രി മുഴുവൻ നിരീക്ഷണം. പിന്നാലെ രാവിലെ വനത്തിനുള്ളിൽ തുറന്നുവിടൽ.
ഇടുക്കി ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച ആന തമിഴ്‌നാട് കമ്പത്ത് ഇറങ്ങി ഭീതി ജനിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന്, ആനയെ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. പിടികൂടിയെങ്കിലും അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിട്ടത്.