ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു
കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.
വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയില്‍ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കല്‍ അനിവാര്യമായി മാറിയത്. ഇവര്‍ ചികിത്സിച്ച ആശുപത്രിയില്‍ തന്നെ ചികിത്സയിലുണ്ടായിരുന്ന അഫ്ഗാന്‍ പൗരന്മാരായ ദമ്പതികളുടെ കുത്സും എന്ന കുഞ്ഞ് നേരത്തെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മജ്ജമാറ്റിവെക്കലിന് വിധേയയായിരുന്നു. അവരുടെ അനുഭവം കൂടി കേട്ടറിഞ്ഞ ശേഷമാണ് ഇവര് കുഞ്ഞിനെ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചത്.
നിലവില്‍ ശരീരത്തിലുള്ള മുഴുവന്‍ മജ്ജയും നശിപ്പിച്ച ശേഷം പുതിയ മജ്ജ സന്നിവേശിപ്പിച്ചാല്‍ മാത്രമേ അസുഖം പൂര്‍ണ്ണമായും ഭേദമാക്കുവാന്‍ സാധിക്കുകയുള്ളൂ. പൊതുവെ സാധാരണ കീമോതെറാപ്പി നല്‍കി മജ്ജ കരിച്ച് കളയുന്ന രീതിയാണ് അവലംബിക്കാറുള്ളത് എന്നാല്‍ മികച്ച റിസല്‍ട്ട് ലഭ്യമാകണമെങ്കില്‍ ടോട്ടല്‍ ബോഡി ഇറാഡിയേഷനിലൂടെ ശരീരത്തിലെ മജ്ജ മുഴുവനായി ഇല്ലാതാക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ കുഞ്ഞിനെ ചികിത്സിച്ച പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവന്‍, ആസ്റ്റര്‍ മിംസിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. സതീഷ് പദ്മനാഭന്റെ കൂടി അഭിപ്രായം പരിഗണിച്ച ശേഷം ടോട്ടല്‍ ബോഡി ഇറാഡിയേഷന്‍ ത്‌നെ സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതിനായി ട്രൂ ബീം മെഷിന്റെ സഹായത്തോടെയാണ് ടോട്ടല്‍ ബോഡി ഇറാഡിയേഷന്‍ നിര്‍വ്വഹിച്ചത്. രാവിലെയും വൈകീട്ടുമായി 2 സെഷന്‍ വീതം 4 ദിവസം തുടര്‍ച്ചയായാണ് മെഡിക്കല്‍ ഫിസിസിസ്റ്റിന്റെ നേതൃത്വത്തില്‍ ടോട്ടല്‍ ബോഡി ഇറാഡിയേഷന്‍ നിര്‍വ്വഹിച്ചത്. മജ്ജ മാറ്റിവെക്കല്‍ പൂര്‍ത്തീകരിച്ച ശേഷം കുഞ്ഞ് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. കെ. വി. ഗംഗാധരന്‍ (ഹെഡ്, ഓങ്കോളജി), ഡോ. കേശവന്‍ (പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. സുദീപ് വി (അഡല്‍ട്ട് ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. സതീഷ് പദ്മനാഭന്‍ (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ. മുഹമ്മദ് അബ്ദുള്‍ മാലിക്, അശ്വതിരാജ് (ഫിസിസിസ്റ്റ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.