വിമാനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശ്വാസമായി; ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മിംസില്‍
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ആദ്യ കണങ്കാല്‍ (Talus) മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയനാട് സ്വദേശി നൗഫലിനാണ് അപൂര്‍വ്വ ശസ്ത്രക്രിയ നിര്‍വ്വഹിച്ചത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന പ്രത്യേകതയും ഇതിനുണ്ട്. ശരീരമാസകലം അതീവ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു നൗഫലിനെ ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഓര്‍ത്തോപീഡിക് സര്‍ജറിയും പ്ലാസ്റ്റിക് സര്‍ജറിയും ഉള്‍പ്പെടെ നിരവധിയായ ശസ്ത്രക്രിയകളിലൂടെയാണ് നൗഫലിന്റെ ജീവന്‍ രക്ഷിച്ചത്.
അതീവ ഗൗരവതരമായ ഈ പരിക്കുകള്‍ക്കെല്ലാം പുറമെയാണ് നൗഫലിന്റെ കണങ്കാല്‍ പൂര്‍ണ്ണമായും തകര്‍ന്ന് പോയത്. നിലവില്‍ ആര്‍ത്തോഡെസിസ് എന്ന ചികിത്സാ രീതിയാണ് ഈ അവസ്ഥയ്ക്ക് വ്യാപകമായി സ്വീകരിച്ച് പോരുന്നത്. എന്നാല്‍ ഈ രീതിയിലൂടെ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചാലും വൈകല്യത്തോടെയായിരിക്കും ശിഷ്ടകാലം ജീവിക്കേണ്ടി വരിക. ഈ സാഹചര്യത്തിലാണ് വൈകല്യമില്ലാതെ ചികിത്സ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്ന കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്ന രീതി പരിഗണിക്കുവാന്‍ തീരുമാനിച്ചത്. അതിനൂതനമായ ചികിത്സാരീതിയാണ് കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. സാധാരണഗതിയില്‍ രക്തചംക്രമണമില്ലാത്തത് മൂലം കണങ്കാലിന് തകരാര്‍ സംഭവിക്കുന്ന അവസ്ഥകളിലാണ് ഈ രീതി അവലംബിക്കാറുള്ളത്. എന്നാല്‍ കണങ്കാല്‍ പുനര്‍ നിര്‍മ്മിക്കുക എന്ന വെല്ലുവിളിയെ വിജയകരമായി അഭിമുഖീകരിക്കുവാന്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ഈ രീതിയ ഉപയോഗപ്പെടുത്തുകയായിരുന്നു
സങ്കീര്‍ണ്ണവും ശാസ്ത്രീയവുമായ രീതിയിലാണ് തകര്‍ന്ന് പോയ കണങ്കാലിന്റെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതിനായി ആദ്യം ചെയ്തത് നൗഫലിന്റെ വലത് കണങ്കാലിന്റെ 3 ഡി ഇമേജ് സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇടത് കണങ്കാലിന്റെ സി ടി സ്‌കാന്‍ ഇമേജില്‍ സൂപ്പര്‍ഇംപോസ് ചെയ്യുകയും അതിന് ശേഷം കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഉചിതമായ വലുപ്പവും ആകൃതിയും കണ്ടെത്തുകയുമാണ് ചെയ്യുന്നത്. പിന്നീട് കണങ്കാലിന്റെ സന്ധിയുടെയും കണങ്കാലിന്റെയും വ്യത്യസ്ത വലുപ്പത്തിലുള്ള 3 ഡി മോഡലുകള്‍ നിര്‍മ്മിക്കുകയും ഇവയില്‍ ഏറ്റവും അനുയോജ്യമായ നാലെണ്ണം തെരഞ്ഞെടുക്കുകയും ചെയ്തു. ഇവ ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. കൊബാള്‍ട്ട് ക്രോമിയം അലോയ് ഉപയോഗിച്ചാണ് യഥാര്‍ത്ഥ ഇംപ്ലാന്റ് നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഈ ഇംപ്ലാന്റുകളെ കൂടുതല്‍ പരിശോധനകള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമാക്കിയ ശേഷമാണ് ജനുവരി 22ാം തിയ്യതി ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം നൗഫല്‍ സുഖമായിരിക്കുന്നു. കണങ്കാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ആശുപത്രി എന്ന അംഗീകാരമാണ് ഇതോടെ കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചിരിക്കുന്നത്.