Saturday, January 4, 2025
Kerala

എക്‌സൈസ് സംഘത്തെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്; ഒളിവില്‍ പോയ ഉദ്യോഗസ്ഥന് വേണ്ടി അന്വേഷണം

അമ്പലപ്പുഴ: മഫ്ത്തിയില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്തിലെ കോണ്‍സ്റ്റബിളായ അമ്പലപ്പുഴ വടക്ക് എട്ടാം വാര്‍ഡില്‍ തുരുത്തിച്ചിറ വീട്ടില്‍ എബിനെ(35)തിരെയാണ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ എബിന് വേണ്ടി അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം നാരകത്തറ വീട്ടില്‍ അഖില്‍ ബാബു(32), ചെറുവള്ളിത്തറ വീട്ടില്‍ അനീഷ് (35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തോളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വെള്ളിയാഴ്ച രാത്രി കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിന് താഴെയായിരുന്നു സംഭവം. പ്രദേശത്ത് മദ്യ മയക്കുമരുന്നു സംഘം സ്ഥിരമായി തമ്പടിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഘത്തിന് നേരെ അക്രമം നടത്തിയത്. കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിഐ എ ആര്‍ കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി ആര്‍ ശ്രീരണദിവെ, പ്രിവന്റീവ് ഓഫീസര്‍ എച്ച് നാസര്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇതില്‍ ശ്രീരണദിവെയുടെ മൂക്കിന് സാരമായ പരുക്കുണ്ട്. സിഐ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എബിനെതിരെ കേസെടുത്തത്.

മര്‍ദ്ദനത്തിനിരയായ എക്‌സൈസ് ഉദ്യോഗസ്ഥരെ മന്ത്രി എംബി രാജേഷ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കേസിലെ രണ്ട് പ്രതികളെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് എക്സൈസിന്റെ തീരുമാനം. ലഹരി മാഫിയയ്ക്കെതിരെ കൂടുതല്‍ ശക്തമായ ഇടപെടലുമായി എക്സൈസ് സേന മുന്നോട്ടുപോവുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *