പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ച സംഭവം; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
കൊല്ലം പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ച സംഭവത്തിൽ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അടഞ്ഞുകിടന്ന ആശുപത്രിയിൽ സ്പിരിറ്റ് സൂക്ഷിക്കാൻ ഇടയായ സാഹചര്യമടക്കം അന്വേഷിക്കും. പത്തനാപുരം എം വി എം ആശുപത്രിയിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ചാണ് രണ്ട് പേർ മരിച്ചത്
ഏറെക്കാലമായി ഈ ആശുപത്രി അടഞ്ഞുകിടക്കുകയാണ്. കൊവിഡ് ചികിത്സക്ക് വേണ്ടിയാണ് ഇത് പഞ്ചായത്ത് അധികൃതർക്ക് തുറന്നു നൽകിയത്. ആശുപത്രിയിലെ താത്കാലിക വാച്ചറായിരുന്ന മുരുകാനന്ദന് എങ്ങനെ സ്പിരിറ്റ് ലഭിച്ചു, ഇയാൾ മോഷ്ടിച്ചതാണോ എന്നൊക്കെയുള്ള കാര്യം എക്‌സൈസ് അന്വേഷിക്കും
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജീവ് എന്നയാളുടെ വീട്ടിൽ വെച്ചാണ് നാല് പേർ ചേർന്ന് സ്പിരിറ്റ് കഴിച്ചത്. മരിച്ചവരുടെ ബന്ധുക്കളിൽ നിന്നും എക്‌സൈസ് മൊഴിയെടുത്തു.