പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ മർദ്ദിച്ച പൊലീസുകാരനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം
മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മർദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം. സംഭവത്തിൽ ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിലെത്തിയവരെ അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല എന്നാണ് ആക്ഷേപം.
ഐപിസി 340 (തടഞ്ഞുവെക്കൽ), 323 (കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ), 324 (വടി കൊണ്ട് കമ്പി കൊണ്ടോ അടിച്ചു പരികേൾപ്പിക്കൽ), 427(നാശനഷ്ടം ഉണ്ടാക്കൽ) എന്നീ വകുപ്പുകൾ മാത്രമാണ് പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും, കർശന നടപടിയുണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉറപ്പു നൽകിയിരുന്നു.
കെ.വി സ്മിതേഷിന്റേത് മോശം പെരുമാറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ഉദ്യോഗസ്ഥൻ മദ്യ ലഹരിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ മർദ്ദിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്.
പ്രകോപനമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതെന്നും തനിക്കെതിരെയുള്ള കേസിനെക്കുറിച്ച് ഇപ്പാഴും വ്യക്തതയില്ലെന്നും പൊലീസ് കസ്റ്റഡിയിൽ മർദ്ദനത്തിനിരയായ സുനിൽകുമാർ പറയുന്നു. സുനിൽകുമാർ എ.എസ്.പിയ്ക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പൊലീസ് കേസെടുത്തത്.