Friday, October 18, 2024
Health

ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനം; പഠനങ്ങൾ പറയുന്നത്

ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഭക്ഷണവും ജീവിതശൈലിയുമെല്ലാം പ്രധാനമാണ്. നിസാരമായി നമ്മൾ കാണുന്ന പലതും വഴിവെക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ്. ഏത് ഭക്ഷണം എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും അത്താഴം രാത്രി ഏഴു മണിക്ക് മുന്‍പും കഴിക്കുന്നത് നല്ലതാണെന്ന് എന്നാണ് പൊതുവെ പറയാറ്.

ഈ സമയങ്ങളിൽ ഭക്ഷണം കൃത്യമായി കഴിച്ചാൽ ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ ഐഎസ്ഗ്ലോബലിലെയും ഇന്‍സേമിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.

രാവിലെ ഒന്‍പതിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് എട്ട് മണിക്ക് മുന്‍പ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം കൂടുതലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് വര്‍ഷത്തോളം ഒരു ലക്ഷത്തിലധികം പേരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോള്‍ കഴിക്കുന്നു എന്നതും പ്രമേഹത്തില്‍ നിര്‍ണായകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

പ്രമേഹ നിയന്ത്രിക്കുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും നല്ലതല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇന്‍സുലിന്‍ തോതിനെയും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ബാധിക്കും. രാത്രി ഭക്ഷണം പത്ത് മണിക്ക് ശേഷം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കും.

ഒരു ദിവസം അഞ്ച് തവണയായി ഇടവിട്ട് ചെറിയതോതിൽ ഭക്ഷണം കഴിക്കുന്നതും പ്രമേഹസാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

Leave a Reply

Your email address will not be published.