കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മക്കളായി ആരോഗ്യ പ്രവർത്തകർ:അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി
കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയ്ക്ക് അന്ത്യകർമ്മങ്ങള്‍ ചെയ്ത് സംസ്കാരം നടത്തി ആരോഗ്യ പ്രവർത്തകർ. മക്കൾ ഉൾപ്പടെ ബന്ധുക്കൾക്കും കൊവിഡ് ബാധിച്ചതോടെയാണ് അന്ത്യകർമ്മങൾ ആരോഗ്യ വകുപ്പ് തന്നെ ചെയ്ത് മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്.
ഓഗസ്റ്റ് 15 ന് അന്തരിച്ച പുനലൂർ വിളക്കുവട്ടം പാറയിൽ പുത്തൻവീട്ടിൽ സരോജിനിയമ്മ (72)യുടെ മൃതദേഹമാണ് സംസ്കരിച്ചത്. വിളക്കുടി കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് വിദഗ്ദ ചികിത്സയ്ക്ക് അയച്ച ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ന് രാത്രി 11.40 ന് മരിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ അനുമതിയോടെ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, റസിഡൻ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ അനുരൂപ് ശങ്കർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഹരികുമാർ, ആരോഗ്യപ്രവർത്തകർഎന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ വച്ച് സംസ്കാരകർമ്മങ്ങൾ നടത്തി.