തീരാദു:ഖം; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തക അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക യു.കെ. അശ്വതിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേർപാട് തീരാദു:ഖമാണെന്ന് മന്ത്രി പറഞ്ഞു. അശ്വതിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.
ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ എൻ.ടി.ഇ.പി. ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും അശ്വതിയ്ക്ക് ഉണ്ടായിരുന്നു.