കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍
കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍.പൊലീസ് കസ്റ്റഡിയിലുള്ള, കുട്ടിയുടെ പിതൃസഹോദരി താഹിറ ഐസ്‌ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കുളത്തെ ഒരു കടയില്‍ നിന്നാണ് താഹിറ ഐസ്‌ക്രീം വാങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് താഹിറ.
കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും പിതാവും മാത്രമാണുണ്ടായിരുന്നത്.
കഴിഞ്ഞ ഞാറാഴ്ചയാണ് കൊയിലാണ്ടി സ്വദേശിയായ കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താഹിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച വീട്ടില്‍ വച്ച് ഐസ്‌ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.