മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന ആവശ്യം; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്ന ആവശ്യം കേരളം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപെട്ടേക്കും. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ നിര്ദേശിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
പരിശോധന നടത്തുമ്പോൾ കേരളത്തിന്റെയും, തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തണം. പരിശോധന മുഴുവനായി വീഡിയോവിൽ ചിത്രീകരിക്കണെമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ആണെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷനും, മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടും ഇന്നും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. ജസ്റ്റിസ് മാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപെരിയാർ സുരക്ഷയും ആയി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നത്.