ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയില്‍
ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്‍റെ വാദം.
സർക്കാരിൻറെ അതേ ആവശ്യം ഉന്നയിച്ച് രണ്ട് സന്നദ്ധ സംഘടകൾ നൽകിയ ഹർജിയും കോടതി പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അത് കൊണ്ട് ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് അനുവദിച്ചത്. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല. ഈ സാഹചര്യത്തിൽ ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സുപ്രീം കോടതിയിൽ കേരളത്തിൻ്റെ നിലപാട്.അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നോക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിൻറെ അദ്ദേഹം ആവശ്യങ്ങൾ ഉന്നയിച്ച് മൈനോറിറ്റി ഇൻഡ്യൻ പ്ലാനിങ് ആൻ്റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റും,എം എസ് എം കേരള സംസ്ഥാന കമ്മിറ്റിയും നൽകിയ ഹർജികളും കോടതിയുടെ പരിഗണനയ്ക്ക് വരും.