Tuesday, January 7, 2025
Kerala

3 വർഷം കൊണ്ട് 50 പാലങ്ങൾ നിർമിക്കും, പൊതുമരാമത്ത് പ്രവർത്തികൾക്ക് അതിവേഗം: മന്ത്രി റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉദ്ദേശിച്ചിരുന്നതെന്നും റിയാസ് പറഞ്ഞു.

ഈ വർഷം മാർച്ചിൽ തീർക്കാൻ ഉദ്ദേശിച്ചിരുന്നതിനേക്കാൾ കൂടുതൽ റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിക്കഴിഞ്ഞു. ഒന്നേമുക്കാൽ വർഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂർത്തിയായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അരുവിക്കരയിലെ പട്ടകുളം-പേഴുംമൂട് റോഡിന്റെ നിർമാണവും പള്ളിവേട്ട-കാനക്കുഴി കൊണ്ണിയൂർ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

ഉറിയാക്കോട് ജംഗ്ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെൻ്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്ന കാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പട്ടകുളം -പേഴുംമൂട് റോഡിന്റെ നവീകരണം നടത്തുന്നത്. പള്ളിവേട്ട – കാനക്കുഴി കൊണ്ണിയൂർ റോഡ് 2021-22 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ നവീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *