പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദം; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും ഇന്ത്യ നിര്‍ദേശം നല്‍കി.
വിഷയത്തില്‍ ബ്രിട്ടണെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജനാധിപത്യ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവാദം രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം.
യൂട്യൂബില്‍ നിന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാനും ഇവയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന എല്ലാ ട്വീറ്റുകളും നീക്കം ചെയ്യാനുമാണ് ഇന്ത്യയുടെ നിര്‍ദേശം. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ അടക്കം 50ലധികം ട്വീറ്റുകളാണ് ഇതോടെ നീക്കം ചെയ്യപ്പെടുക. ഐടി റൂള്‍സ് 2021 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് മന്ത്രാലയം നിര്‍ദേശം നല്‍കുന്നത്.