നടിയെ ആക്രമിച്ച കേസ് : എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
വിചാരണ എത്ര കാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്. അതെ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചു. ഇ-മെയിൽ വഴി ഇന്നലെയാണ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചത്. വിചാർണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരും എന്ന നിലപാടിലാണ് വിചാരണാ കോടതി. കേസിലെ പ്രോഗ്രസ് റിപ്പോർട്ട് ദിലീപ് സമർപ്പിച്ച അപേക്ഷയ്ക്ക് ഒപ്പം ഇന്ന് സുപ്രിംകോടതി പരിഗണിക്കും.