സംസ്ഥാന സർക്കാരിൻ്റെ നിലപാട് തള്ളി സുപ്രിം കോടതി; മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്.
ജയിൽ മോചിതനാവാൻ സാങ്കേതിക താമസം മാത്രമേയുള്ളൂ. ഉത്തരവ് സംസ്ഥാന സർക്കാരിനാണ് എത്തുന്നതെങ്കിൽ അത് ജയിൽ വകുപ്പിലേക്കെത്താനുള്ള താമസമുണ്ടാവും. എന്നാൽ, ഉത്തരവ് നേരിട്ട് ജയിൽ വകുപ്പിലെത്തിയാൽ 10 മിനിട്ടിനുള്ളിൽ മണിച്ചൻ ജയിൽ മോചിതനാവുമെന്ന് ജയിൽ മേധാവി 24നോട് പ്രതികരിച്ചു.
ഇന്നലെയായിരുന്നു സുപ്രിം കോടതിയുടെ നിർണായക തീരുമാനം. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാട് കോടതി തള്ളി. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നൽകിയത്.
മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ നൽകിയ ഹർജിയിലാണ് സംസ്ഥാനം സുപ്രിം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പ്രതി മണിച്ചൻ കോടതി നിർദേശിച്ച പിഴ അടച്ചില്ലെങ്കിൽ 22 വർഷവും ഒമ്പത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം സുപ്രിം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു, ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷ സ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചൻ്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.