Thursday, April 17, 2025
Kerala

‘ഇന്ത്യ’ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമാനം: വിശദീകരിച്ച് എം വി ഗോവിന്ദന്‍

ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയക്കാത്തതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സി പി എം സന്നദ്ധമാണെങ്കിലും ഒരു സമിതി രൂപീകരിച്ച് അതിന് കീഴില്‍ പ്രവര്‍ത്തിച്ച് പോകാന്‍ സിപിഐഎം ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട എന്നും കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം തിരിച്ചടിച്ചു.

ബിജെപിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നു. അങ്ങനെ പരാജയപ്പെടുത്താനുള്ള, ഒറ്റപ്പെടുത്താനുള്ള ചെറുതും വലുതുമായ ശ്രമങ്ങളില്‍ സിപിഐഎം ഉണ്ട്. എന്നാല്‍ സംസ്ഥാനങ്ങളിലെ വിജയസാധ്യത അനുസരിച്ചുള്ള സീറ്റ് നിര്‍ണയിക്കുന്നതിനുള്ള സംവിധാനം ഇന്ത്യ മുന്നണിക്ക് ഇല്ല. സംസ്ഥാനങ്ങളെ യൂണിറ്റ് ആയി പരിഗണിക്കണം. ആ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഛിന്നഭിന്നമായിപോകാതിരിക്കാന്‍ മണ്ഡലത്തെയും പാര്‍ട്ടിയെയും അടിസ്ഥാനപ്പെടുത്തി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം. അത്തരം ആലോചനകള്‍ക്ക് അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒരു സമിതിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനാവില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *