Monday, January 6, 2025
Kerala

ജീവനക്കാർക്കെതിരായ പരാമർശം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധം

ജീവനക്കാർക്കെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം. ജീവനക്കാർ തിരുവനന്തപുരം കെഎസ്ആർടിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്

ഐഎൻടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ജീവനക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു

ജീവനക്കാർ പലവിധത്തിലും തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ വാക്കുകൾ. അടിമുടി അഴിച്ചുപണി ആവശ്യമാണ്. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനിൽ ഉൾപ്പെടെ കൃത്രിമം കാട്ടി വൻ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞിരുന്നു.

പഴയ ടിക്കറ്റ് നൽകി കണ്ടക്ടർമാർ പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടു. വർക്ക് ഷോപ്പിലെ ലോക്കൽ പർച്ചേസിലും സാമഗ്രികൾ വാങ്ങുന്നതിലും കമ്മീഷൻ പറ്റുന്നു. ഡീസൽ വെട്ടിപ്പ് തുടരാനാണ് ജീവനക്കാർ സിഎൻജിയെ എതിർക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു.

പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി നടപടി എടുക്കണമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് ശശിധരൻ പറഞ്ഞു. കെഎസ്ആർടിസി തങ്ങളുടെ ചോറാണ്. അതിൽ വിഷം ചേർക്കാൻ ഏത് മന്നൻ ശ്രമിച്ചാലും അനുവദിക്കില്ലെന്നും ശശിധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *