ഇരട്ടക്കൊലപാതകക്കേസിൽ പരോളിൽ പുറത്തിറങ്ങിയ പിതാവിന്റെ പീഡനത്തിൽ മകൾ ആത്മഹത്യ ചെയ്തു
പരോളിൽ പുറത്തിറങ്ങിയ പിതാവിന്റെ പീഡനത്തിൽ മനംനൊന്ത് സഹോദരിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച പെൺകുട്ടികളെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഒരാൾ മരണപ്പെട്ടു. പ്രിയങ്ക (21) ആണ് മരിച്ചത്. ഇളയ സഹോദരി സ്വപ്ന (19) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം.
ബാബെരു പൊലീസ് സ്റ്റേഷൻ പരിധിയിലെ പർഹ്രി ഗ്രാമത്തിലാണ് സംഭവം. പിതാവ് മൽഖാൻ സിംഗ്, ഇയാളുടെ സഹോദരൻമാരായ സുരേഷ്, രാജേഷ് എന്നിവർ പെൺമക്കളെയും തന്നെയും സ്ഥിരം മർദിച്ചിരുന്നതായി അമ്മ പൊലീസിൽ പരാതിപ്പെട്ടു. കൂടാതെ നാടൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും അവർ പറയുന്നു.
അമ്മ രേഖാദേവിയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ആറ് മാസം മുമ്പ് പരോളിൽ നാട്ടിലെത്തിയത്.