Sunday, April 13, 2025
Kerala

ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ സർക്കുലർ ഇടവകകളിൽ വായിച്ചില്ല; ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന തുടരും.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിറോ മലബാർ സഭ. എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ് വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിലും, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തും സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം തള്ളി. ഭൂരിഭാഗം ദേവാലയങ്ങളിലും ജനാഭിമുഖ കുർബാന തുടരുകയാണ്. ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ സർക്കുലർ ഇടവകകളിൽ വായിച്ചില്ല.

ഏകീകൃത കുർബാന നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കനത്ത പോലീസ് സുരക്ഷയിൽ എറണാകുളം സെന്റ്‌മേരിസ് ബസിലിക്കയിൽ ഫാ. ആന്റണി പൂതവേലി പുതിയ വികാരിയായി ചുമതല ഏറ്റിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാന നടത്തുമെന്നുമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും അറിയിച്ചത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം മാർപാപ്പയെ അനുസരിക്കാതിരിക്കുന്നത് കത്തോലിക്കാ സഭയിൽ നിന്നുള്ള പുറത്തുപോകൽ ആയിട്ട് കണക്കാക്കുമെന്നാണ് സഭ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ വൈദികർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളിലേക്ക് കടന്നാലും വിശ്വാസികളുടെ പ്രതിഷേധം എങ്ങനെ തരണം ചെയ്യുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *