Saturday, October 19, 2024
Kerala

സര്‍ക്കാര്‍ ഇടപെടണം’; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടര്‍നടപടികള്‍ക്ക് കൈമാറി.

മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്. വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സമരം തുടരുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുംവരെ വിഴിഞ്ഞത്ത് സമരം തുടരുമെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. എന്നാല്‍ സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരസമിതി സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക മണ്ണെണ്ണ സബ്സിഡി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളില്‍ മുഖ്യമന്ത്രിയുമായി തുടര്‍ ചര്‍ച്ച നടക്കും വരെ തുറമുഖ കവാടത്തിനു മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. വിഴിഞ്ഞം ഇടവകയാണ് അഞ്ചാം ദിവസമായ ഇന്ന് ഉപരോധ സമരത്തിന് നേതൃത്വം നല്‍കുക. കഴിഞ്ഞദിവസം ബാരിക്കേഡുകളും പ്രധാന കവാടവും മറികടന്ന് സമരക്കാര്‍ തുറമുഖ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് പതാക നാട്ടിയിരുന്നു.

Leave a Reply

Your email address will not be published.