മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്ന നിലയുണ്ട്,വിമര്‍ശനങ്ങളോട് ആരും അസഹിഷ്ണുത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പ്പറേറ്റ് മൂലധനം ഒഴുകുകയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് ഇപ്പോഴത്തെ മത്സരം. കുറ്റകൃത്യങ്ങളെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് വേണ്ടത്. കുറ്റവാളികളുമായി പൊരുത്തപ്പെടലുകളും ധാരണകളുമുണ്ടാകുന്നു എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പലവിധേനയും ദേശീയതലത്തില്‍ പത്രസ്വാതന്ത്യം ഹനിക്കപ്പെടുമ്പോൾ കേരളത്തില്‍ പൂര്‍ണമായും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന ഒരു ചെറുവിരല്‍ അനക്കം പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ ഏത് വിമര്‍ശനത്തേയും സ്വീകരിക്കുന്നതിന് സര്‍ക്കാരിന് യാതൊരു മടിയുമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് സഹായിക്കുക. എന്നാല്‍ നശീകരണാത്മകമായ വാസനകളിലൂടെ മാത്രം വിമര്‍ശനമുയര്‍ത്തുമ്പോൾ സര്‍ക്കാര്‍ അത് വിലവയ്ക്കുകയുയുമില്ല, പരിഗണിക്കുകയുമില്ല. ഈ അവസ്ഥ നമ്മുടെ നാട്ടിലുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നത്.
മൂലധന ശക്തികളുടെ അമിതാധികാരത്തിലും സമ്മര്‍ദത്തിലും സ്വയം ഒടുങ്ങിപ്പോകുന്നവര്‍ ആകരുത് മാധ്യമപ്രവര്‍ത്തകര്‍. അതിനും മേലെ ഉയര്‍ന്നു നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അപ്പോഴാണ് നിങ്ങളും ചരിത്രത്തിന്റെ ഭാഗമാവുക എന്നത് ഓര്‍ക്കണം. മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമ പ്രവര്‍ത്തകരോ വിമര്‍ശനങ്ങള്‍ക്ക് അതിതീതരല്ലെന്ന് ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിങ്ങളെ വിമര്‍ശിക്കാന്‍ അവസരം കിട്ടുമ്ബോള്‍ അവരും വിമര്‍ശിക്കും. അതുകൊണ്ട് അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുത ആരും കാണിക്കേണ്ടതില്ല. മൗലിക വിഷയങ്ങള്‍ക്ക് പകരം നിസ്സാരമായ വിവാദങ്ങളിലും കൗതുക കാഴ്ചകളിലും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടലല്ല ഇന്നത്തെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.