ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും, ഫോട്ടോയോടെ മോശം വാര്‍ത്തകള്‍ വരുമെന്ന് മധു വധക്കേസ് പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി
പാലക്കാട്:അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി.ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി ജഡ്ജി പറഞ്ഞു.
ജഡ്ജിയുടെ ഫോട്ടോയോടെ മോശം വാര്‍ത്തകള്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ ഉത്തരം പറയേണ്ടിവരുമെന്ന് താക്കീത് ചെയ്‌തെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ കോടതി പറഞ്ഞു. കേസിലെ 3,6,8,12 പ്രതികളുടെ അഭിഭാഷകന് എതിരെയാണ് കോടതി പരാമര്‍ശം.
ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി.പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. മധുക്കേസില്‍ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.