Wednesday, January 8, 2025
Kerala

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചയിൽ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുംവരെ സമരം തുടരുമെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. എന്നാൽ സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ സമരസമിതി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.

തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക മണ്ണെണ്ണ സബ്‌സിഡി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി തുടർ ചർച്ച നടക്കും വരെ തുറമുഖ കവാടത്തിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം . വിഴിഞ്ഞം ഇടവകയാണ് അഞ്ചാം ദിവസമായ ഇന്ന് ഉപരോധ സമരത്തിന് നേതൃത്വം നൽകുക. കഴിഞ്ഞദിവസം ബാരിക്കേഡുകളും പ്രധാന കവാടവും മറികടന്ന് സമരക്കാർ തുറമുഖ നിർമ്മാണം നടക്കുന്ന ഭാഗത്ത് പതാക നാട്ടിയിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ സമരം പ്രക്ഷുബ്ധം ആകില്ലെന്ന് സമരസമിതി നൽകിയ ഉറപ്പ് സർക്കാരിന് ആശ്വാസമാണ്. ഇന്നലെ മന്ത്രിമാരുമായി നടന്ന ചർച്ചയിൽ പുനരധിവാസം, മുതലപ്പൊഴി പ്രതിസന്ധി അടക്കം 5 പ്രശ്‌നങ്ങൾക്ക് പരിഹാരത്തിന് ധാരണയായിരുന്നു. ചർച്ച ഫലപ്രദമായിരുന്നുവെന്നായിരുന്നു അതിരൂപത വൈദികരുടെ പ്രതികരണം. സമരക്കാരുടെ ആവശ്യങ്ങളെല്ലാം ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *