അബ്ദുൽ നാസർ മഅ്ദനി കേരളത്തിൽ ; തിരുവനന്തപുരത്ത് വിമാനമിറങ്ങി
പി..ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ ബംഗളുരുവിൽ നിന്ന് വിമാനമാർഗമാണ് മഅ്ദനി തിരുവനന്തപുരത്തെത്തിയത്.
ഭാര്യ സൂഫിയ മഅദനിയും മകൻ സലാഹുദ്ദീൻ അയ്യൂബിയുമടക്കം 13 പേർ കൂടെയുണ്ട്. ഇനി റോഡുമാർഗം മഅ്ദനി അൻവാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോകും.
അൻവാർശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അൻവാർശ്ശേരിയിൽ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കാനുമാണ് തീരുമാനം.