നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീർത്ത് മഅ്ദനി കേരളത്തിലേക്ക് വരും;സലാഹുദ്ധീൻ അയ്യൂബി
നിരപരാധിത്തങ്ങളുടെ ഘോഷയാത്ര തീർത്ത് മഅ്ദനി കേരളത്തിലേക്ക് ഉടന്‍ വരുമെന്ന് മഅ്ദനിയുടെ മകന്‍ സലാഹുദ്ധീൻ അയ്യൂബി. കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും പ്രയത്നിച്ചവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അയ്യൂബി ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെ പറഞ്ഞു.
മഅ്ദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് മകൻ സലാഹുദ്ധീൻ അയ്യൂബി പറയുന്നു. ബംഗളൂരു കേസിലും മഅ്ദനി കുറ്റവിമുക്തനായി തിരിച്ചുവരും. പുതിയ കർണാടക സർക്കാർ സഹായകരമായ ഇടപെടൽ നടത്തുമെന്ന് കരുതുന്നു. മഅ്ദനിയെ നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും വിഡിയോയിലൂടെ സലാഹുദ്ധീൻ അയ്യൂബി പറഞ്ഞു.
അതേസമയം വലിയ തുക മഅ്ദനിയുടെ സുരക്ഷക്കായി നൽകണമെന്ന് പറയുന്നത് അനീതിയാണ്. മഅ്ദനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. സംസ്ഥാന സർക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും സലാഹുദ്ധീൻ അയ്യൂബി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.