Thursday, January 9, 2025
Kerala

പിഡിപി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍: പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

ബാംഗ്ലൂർ: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി അറിയിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലാണ് പൂന്തുറ സിറാജുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും മഅ്ദനി പറഞ്ഞു.

അതേസമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസിര്‍ മഅ്ദനിയാണ് നോമിനേറ്റ് ചെയ്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കത്ത് പരിഗണിച്ച്‌ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും വൈസ്ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യാനുമുള്ള പി.ഡി.പി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം ചെയര്‍മാന്‍ അംഗീകരിച്ചതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറാജ് പി.ഡി.പി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരം മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി. അധികം വൈകാതെ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയിലേക്ക് തിരിച്ചുവരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. മഅ്ദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *