ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ഒ സി മടങ്ങുന്നു; പതിനായിരങ്ങള്‍ക്ക് ആശ്വാസമായിരുന്ന പുതുപ്പള്ളി വീടും കടന്ന് കുഞ്ഞൂഞ്ഞ്
സഹായം തേടി വരുന്ന ഒരാള്‍ക്ക് മുന്നിലും അടഞ്ഞിട്ടില്ലാത്ത വാതിലുകളുള്ള പുതുപ്പള്ളിയുടെ ജന്മഗൃഹം വിട്ട് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ പുതിയ വീട്ടില്‍. പുതുപ്പള്ളിയുടെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര പുതിയ വീട്ടിലെത്തിയത്. കുടുംബവീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതിയ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ആള്‍ത്തിരക്ക് മൂലം അന്ത്യയാത്രയ്ക്കിടെ സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതുപ്പള്ളിയിലെ പുതിയ വീട്ടിലും പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. സംസ്‌കാരം ഏഴരയോടെ പുതുപ്പളളി പള്ളിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്‌കാരം മണിക്കൂറുകള്‍ വൈകിയേക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃത്രീയന്‍ കാത്തോലിക ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുന്നത്.
പതിനായിരക്കണക്കിന് ജനങ്ങളുടെ സ്‌നേഹവായ്പില്‍ അലിഞ്ഞാണ് ഉമ്മന്‍ ചാണ്ടി മടങ്ങുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചും കോട്ടയത്തെ ജനലക്ഷങ്ങള്‍ പകരം വയ്ക്കാനില്ലാത്ത മടക്കയാത്രയാണ് ജനകീയനായ നേതാവിന് നല്‍കുന്നത്.